Saturday, December 29, 2007

Unni paranjathupoele

ഉണ്ണി പറഞ്ഞതുപോലെ.ഏതായാലും എല്ലാവരും കാണുന്ന ഒരിടമാണ്‌. എന്നാലിനി ഞാനെഴുതുന്നതു വായിപ്പിക്കാനൊരു ചാന്‍സായി. മുമ്പൊക്കെ ഇടയ്ക്കെങ്കിലും ഞാനെഴുതുന്നതു വായിച്ചു കേള്‍പ്പിക്കുമായിരുന്നു. അതിനായി സാമ ദാന ഹേമ ദണ്ഡങ്ങളെല്ലം പ്രയോഗിച്ചിരുന്നു. പക്ഷേ നമ്പിയാരു പറഞ്ഞ പാണ്ടന്‍ നായുടെ അവസ്ഥയാണിപ്പോള്‍; പണ്ടേപ്പോലെ ഫലിക്കുന്നില്ല. മിഠായി കാട്ടിയാല്‍ കുട്ടികള്‍ പറയും, "അതിന്റെ കൂടെ മൂത്തമ്മാവന്റെ കഥയുമുണ്ടെങ്കില്‍ വേണ്ട". ചിലരൊക്കെ എന്നെക്കാണുമ്പോഴെ, സ്ഥലം വിടാനുള്ള ഒഴികഴിവുകള്‍ ആലോചിച്ചുതുടങ്ങി. ഇനിയിതേയുള്ളു രക്ഷ,കുടുംബയോഗത്തിലാണെങ്കില്‍ ഭരണം പിള്ളേരടെയായേപ്പിന്നെ, പൈലോച്ചേട്ടന്‍ പറഞ്ഞതുപോലെ, പച്ച തൊടീക്കണില്ല. അരക്കൈ നോക്കിയിട്ടും അരവണപ്പായസം കിട്ടാതെ വന്നപ്പോള്‍ ബാര്‍ബര്‍ നാരായണസ്വാമി 1964-ല്‍ പറഞ്ഞതുപോലെ, "ഒരുകൈ നോക്കീട്ടു തന്നെ കാര്യം!".പിന്നെ ഒരു കാര്യം, ഈ പ്രസിദ്ധീകരണം സ്വതന്ത്രമാണ്‌. തികച്ചും, സ്വാശ്രയം. തോന്നീതു പറയും എഴുതും. ഇതില്‍ പ്രസിദ്ധീകരിക്കുന്നതൊക്കെ, അതാതു കഥ എഴുതിയ ആളിന്റെ തോന്നിയവാസം. ഞങ്ങള്‍ക്ക്‌ അക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. വേണെങ്കില്‍ വായിച്ചാല്‍ മതി (ടീവീ ചാനലുകാര്‍ പറയുന്നതുപോലെ.)(ഊള)ചാക്കോ എന്ന മണ്മറഞ്ഞ അവധൂതന്‍ പറയാറുള്ളതുപോലെ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, അല്ലാത്തവര്‍ അനുഭവിക്കട്ടെ, എനിക്കെന്താ. ആര്‍ക്കുപറ്റി, അവര്‍ക്കുപറ്റി.ഉദ്ധരിക്കപ്പെടാന്‍ ഇനിയും പലരുമുണ്ട്‌. (പണ്ടാരന്‍) ഗോപാലന്‍, ഓന്റെ തള്ള, മംഗലത്തെ പിള്ളച്ചേട്ടന്‍, പാനാമ്പുഴ, ഔസേപ്പുചേട്ടന്‍, മാതുച്ചേട്ടന്‍, കുഞ്ഞുകറമ്പന്‍, കുഞ്ഞുപെണ്ണ്‌, കുഞ്ഞുദേവസ്യാച്ചന്‍, കൊച്ചുബാവാ സൈബ്‌, പി.പി.കെ, നമ്പാടന്‍, നായനാര്‍, ചാഴികാടന്‍, ഉമ്മന്‍ ചാണ്ടി ... ... സായിപ്പു പറഞ്ഞതു പോലെ ലിസ്റ്റ്‌ അവിടെ വരെയെത്തിയാല്‍ കഴിഞ്ഞുവെന്നര്‍ത്ഥം. ഇതെഴുതിയതാരാണെന്നറിയണമെങ്കില്‍, കുട്ടിയമ്മാവന്‍ പറഞ്ഞതു പോലെ.... ....

2 comments:

Mots said...
This comment has been removed by the author.
രഘു said...

കേള്‍ക്കാന്‍ ആള്‍ റെഡി പറയാനോ?